പ്രശസ്ത മാപ്പിളപ്പാട്ട്- കഥാപ്രാസംഗ കലാകാരി റംല ബീഗം അന്തരിച്ചു

Share

ദുബായ്: പ്രശസ്ത മാപ്പിളപ്പാട്ടുകലാകാരിയും കഥാപ്രാസംഗികയുമായ റംല ബീഗം അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മതവിലക്കുകളെ ഭേദിച്ച് വേദികളില്‍ പരിപാടിള്‍ അവതരിപ്പിച്ച ആദ്യ വനിത കലാപ്രതിഭകളില്‍ ഒരാളാണ് റംല ബീഗം. നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിലാണ് റംല ബീഗം സംഗീത-കഥാപ്രസംഗ പരിപാടികള്‍ അവതരിപ്പിച്ചത്.

വീട്ടകങ്ങളിലെ നാല് ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടൊരു ജീവിതമുണ്ടായിരുന്നു, പതിറ്റാണ്ടുകള്‍ക്ക് മുമ്പ്..സ്ത്രീജനങ്ങള്‍ക്ക്…അത് ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതേ എന്ന പുരുഷ മേല്‍ക്കോയ്മയുടെ അടയാളമായും ജീര്‍ണതയിലൂന്നിയ ജാതി മത സമവാക്യങ്ങളുടെ ഭാഗമായും സ്തീകള്‍ക്കുനേരേയുള്ള ഈ അവഗണന കാലങ്ങളോളം തുടര്‍ന്നു. എന്നാല്‍ വഴിയിലെപ്പോഴോ ഈ വിലക്കുകളെ ഭേദിച്ച് ചില പെന്‍കരുത്തുകള്‍ ഒറ്റയാള്‍ പോരാട്ടം നടത്തി സമൂഹ മധ്യത്തിലേക്ക് ഇറങ്ങി വന്നു. വിപ്ലവകാരികളായും കാലാകാരികളായും അങ്ങനെ പല പല വേഷങ്ങളില്‍ അവര്‍ പോരാട്ടം തുടര്‍ന്നു. അങ്ങനെ വിലക്കുകള്‍ ഭേദിച്ച് മാപ്പിളപ്പാട്ടിലൂടെയും കഥാപ്രസംഗത്തിലൂടെയും സമൂഹത്തിലേക്ക് ഇറങ്ങിവന്ന് പിന്നെ സമൂഹത്തിന്റെ പ്രിയപ്പെട്ടവളായി മാറിയ അനുഗ്രഹീത കലാകാരിയാണ് റംല ബീഗം.

ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന-മറിയം ബീവി ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസു മുതല്‍ തന്നെ ആലപ്പുഴയിലെ പ്രശസ്തമായ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു. എട്ടാം വയസിലായിരുന്നു സംഗീത അരങ്ങേറ്റം. എം.എ. റസാഖ് എഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി റംല ബീഗം അവതരിപ്പിച്ചത്. സ്വീകാര്യതയോടൊപ്പം ഒരു മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം പല എതിര്‍പ്പുകളേയും അന്ന് ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് അറബി മലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്‌നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ എന്ന കഥാപ്രസംഗം പലവേദികളിലും അവതരിപ്പിച്ച് ശ്രദ്ധ നേടി. പതിനായിരത്തില്‍പരം വേദികളിലാണ് ആ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കാര്‍ഡ് നേടിയത്.

20-ഓളം ഇസ്‌ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അനവധി വേദികളില്‍ അവതരിപ്പിച്ച് ചരിത്രം കുറിച്ചു. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി. അബ്ദുസലാം മാഷിനെ 18-ാം വയസ്സില്‍ വിവാഹം ചെയ്ത റംല ബീഗം 1971-ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. പിന്നീടങ്ങോട്ട് 2018 വരെ പരിപാടികളുടെ തീരാ പ്രവാഹമായിരുന്നു. 35-ല്‍ പരം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500-ഓളം ആല്‍ബം പാട്ടുകളും നമുക്ക് സമ്മാനിച്ച റംല ബീഗം 300-ല്‍ പരം അംഗീകാരങ്ങളും അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ അതില്‍ ചിലതുമാത്രം. വേര്‍പാടിന്റെ ഈ വേളയിലും ഓര്‍ത്തുവയ്ക്കാന്‍ ഒത്തിരി കലാസന്ദര്‍ഭങ്ങള്‍ നമുക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരിക്ക് ഗല്‍ഫ ഐ 4 ന്യൂസിന്റെ ഹൃദയാഞ്ജലി…