ബോളിവുഡ് നടി വഹീദ റഹ്‌മാന് ‘ദാദാസാഹേബ് ഫാല്‍ക്കെ’ പുരസ്‌കാരം

Share

NEWS DESK: ഇന്ത്യയുടെ താരറാണി എന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് താരം വഹീദ റഹ്‌മാന് ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2021-ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആറ് പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനയ വ്യക്തിത്വമാണ് വഹീദ റഹ്‌മാന്‍. 1938-ല്‍ തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‌മാന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ അഭിനയകലയോടും നൃത്തത്തിനോടും അഭിരുചിയുണ്ടായിരുന്ന വഹീദ 1955-ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്ക് ചിത്രമായ രോജുലു മരായിയില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് രണ്ട് തെലുങ്ക് ചിത്രത്തിലും രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ച ശേഷമാണ് ‘സിഐഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് അഭിനയ സാന്നിധ്യം കൊണ്ട് വഹീദക്ക് അവകാശപ്പെടാവുന്ന എത്രയോ സൂപ്പര്‍ ഹിറ്റ് ഹിന്ദി സിനിമകള്‍ പിന്നീട് പുറത്തിറങ്ങി. ‘പ്യാസ’, ‘കാഗസ് കെ ഫൂല്‍’, ‘ചൗധവി കാ ചാന്ത്’, ‘സാഹെബ് ബീവി ഓര്‍ ഗുലാം’, ‘ഗൈഡ’്, ‘ഖാമോഷി’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്.

മികച്ച അഭിനയത്തിന് വഹീദയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1971-ല്‍ പുറത്തിറങ്ങിയ ‘രേഷ്മ ഓര്‍ ഷേര’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. അഭിനയ വഴിയില്‍ വീണ്ടും നിരവധി അംഗീകാരങ്ങള്‍ വഹീദയെ തേടിയെത്തി. ഫിലിം ഫെയര്‍ അവാര്‍ഡ്, ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1972-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി രാജ്യം വഹീദയെ ആദരിച്ചു. 2020-ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍ൈ ‘രാഷ്ട്രീയ കിഷോര്‍ കുമാര്‍’ സമ്മാന്‍ ലഭിച്ചു. ഒരേയൊരു മലയാള ചിത്രത്തില്‍ മാത്രമേ അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും മലയാളികള്‍ക്കും വഹീദയെ സുപരിചിതമാണ്. 1972-ല്‍ പുറത്തിറങ്ങിയ ‘ത്രിസന്ധ്യ’യാണ് വഹീദ അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. 2000-ന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് വഹീദ റഹ്‌മാന്‍ അഭിനയിച്ചിട്ടുള്ളത്. 2021-ല്‍ പുറത്തിറങ്ങിയ ‘സ്‌കേറ്റര്‍ ഗിരി’യാണ് വഹീദ അഭിനയിച്ച് റിലീസ് ചെയ്ത ചിത്രം. അനുഗ്രഹീത കലാകാരിക്ക് ഗള്‍ഫ് ഐ 4 ന്യൂസിന്റെ ആശംസകള്‍..