മധു സര്‍ നവതിയുടെ നിറവില്‍; ആശംസകളുമായി ആരാധകര്‍

Share

NEWS DESK: മലയാള സിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആ രംഗത്ത് തുടരുന്ന അഭിനയകലയുടെ കാരണവര്‍ക്ക് ഇന്ന് 90-ാം പിറന്നാള്‍. ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയതോടെയാണ് മധു എന്ന മാധവന്‍നായര്‍ മലയാളസിനിമയിലെ അനിഷേധ്യ സാനിധ്യമായത്. തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മ (കമലമ്മ)യുടെയും മൂത്തമകനായി 1933 സപ്റ്റംബര്‍ 23-ന് കന്നിയിലെ ചോതി നക്ഷത്രത്തിലാണ് മധു ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി.

അപ്പോഴും മാധവന്‍ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം രണ്ടും കല്‍പ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡല്‍ഹിക്ക് വണ്ടികയറി. 1959 ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എന്‍.എസ്.ഡിയില്‍ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂര്‍ത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു. ക്വാജ അഹ്‌മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ ആണ്. ഈ ചിത്രത്തില്‍ പ്രേംനസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിര്‍മാതാക്കള്‍ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്.

പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു. 1963 ല്‍ മാധവന്‍നായര്‍ക്ക് മധു എന്ന പേര് നല്‍കിയത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. പതിറ്റാണ്ടുകള്‍ക്കുശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുത്.മിമിക്രി താരങ്ങള്‍ ഈ നടനെ അനുകരിക്കാന്‍ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.

പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ മധു തിളങ്ങി. ഭാര്‍ഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍, യുദ്ധകാണ്‍ഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സില്‍ കുടിയിരുത്തിയ ആരാധകര്‍ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുതായിരുന്നില്ല. താരജാഡ തൊട്ടു തീണ്ടാത്ത സ്‌നേഹബന്ധങ്ങള്‍ക്ക് ഉടമയായിരുന്നു അദ്ദേഹം സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, കര്‍ഷകന്‍ തുടങ്ങിയ റോളുകളിലും തിളങ്ങി.

മലയാള സിനിമയെ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് പറിച്ചുനടുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് പുളിയറക്കോണത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിര്‍മാതാക്കള്‍ക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി. 1970-ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രന്‍, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. 1998-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം. 1995-ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള (നിര്‍മാതാവ്) അവാര്‍ഡ് (മിനി എന്ന ചിത്രത്തിന്). 2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയല്‍ അവാര്‍ഡും 2013-ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
വെള്ളിത്തിരയിലെ ഈ മഹാനടന് ആയുരാരോഗ്യ സൗഖ്യങ്ങളും ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകളും നേരുന്നു.