ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 പര്യവേഷണം ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യവേക്ഷണം ആരംഭിക്കാന്‍ കഴിഞ്ഞെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്. ഭൂമിയില്‍ നിന്ന് 50,000 കിലോമീറ്റര്‍ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുത ചാര്‍ജുള്ള കണികകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചു തുടങ്ങിയത്. പേടകത്തിലെ സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍ പര്യവേക്ഷണ ഉപകരണം ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തിപ്പിച്ചതോടെയാണ് പേടകം പര്യവേക്ഷണം ആരംഭിച്ചത്. പര്യവേക്ഷണ ഉപകരണത്തിലെ ആറു സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയുടെ ചുറ്റുപാടുമുള്ള സൂക്ഷ്മ കണങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് ഈ പര്യവേക്ഷണ ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഭൂമിയില്‍നിന്ന് 50000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതുവരെയാണ് പര്യവേക്ഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിര്‍ണായകമാണിതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.