വായ്പാ ആപ്പുകള്‍ക്ക് നിയന്ത്രണം വരുന്നു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

Share

ഡല്‍ഹി: ആത്മഹത്യാ കേസുകളും തട്ടിപ്പുകളും വര്‍ദ്ധിച്ചതോടെ രാജ്യത്ത് വായ്പാ ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. വായ്പാ ആപ്പുകളെ നിരോധിക്കാനും നിയന്ത്രിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സുരക്ഷിതമല്ലാത്തതും നിയവിരുദ്ധവുമായ ആപ്പുകള്‍ അനുവദിക്കരുതെന്ന് ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമായി നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യവും ദൗത്യവുമാണെന്നും അദ്ദേഹം പറഞ്ഞു. വായ്പാ ആപ്പുകളുടെ കാര്യത്തില്‍ സുതാര്യത ഉണ്ടെന്ന് ഉറപ്പാക്കാന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി ആര്‍ബിഐയുമായി ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഈ രണ്ട് സ്റ്റോറുകളിലും അനുവദനീയമായ വായ്പാ ആപ്പുകള്‍ മാത്രമേ അനുവദിക്കൂ.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആറു മാസം മുന്‍പ് തന്നെ 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിസര്‍വ് ബാങ്കും ഡിജിറ്റല്‍ വായ്പ സംബന്ധിച്ച നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു. നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ബിസിനസ്സ് പെരുമാറ്റത്തിലും ഉപഭോക്തൃ സംരക്ഷണത്തിലും ഉള്ള ആശങ്കകള്‍ക്കിടെയായിരുന്നു റിസര്‍വ് ബാങ്ക് നടപടി. മറ്റ് ഘട്ടങ്ങളില്‍, കടം വാങ്ങുന്നവരുടെ വ്യക്തമായ സമ്മതമില്ലാതെ വായ്പാ പരിധി സ്വയമേവ വര്‍ദ്ധിപ്പിക്കുന്നത് ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിരോധിച്ചിരിക്കുന്നു. ക്രെഡിറ്റ് ഇന്റര്‍മീഡിയേഷന്‍ പ്രക്രിയയില്‍ വായ്പ നല്‍കുന്ന സേവന ദാതാക്കള്‍ക്ക് നല്‍കേണ്ട ഫീസോ ചാര്‍ജുകളോ നല്‍കേണ്ടത് ഡിജിറ്റല്‍ ലെന്‍ഡിംഗ് എന്റിറ്റികളാണെന്നും വായ്പയെടുക്കുന്നവരല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം, കൊച്ചി കടമക്കുടിയില്‍ ഓണ്‍ലൈന്‍ വായ്പ്പാ തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്തിരുന്നു. ഇവര്‍ മരിച്ചതിനുശേഷവും കുടുംബത്തെ വായ്പാ ആപ്പുകാര്‍ വേട്ടയാടിയിരുന്നു. മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചായിരുന്നു ഭീഷണി.