ആധാര്‍ പുതുക്കല്‍ സമയം നീട്ടി; അന്തിമ തീയതി ഡിസംബര്‍ 14

Share

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ 2023 സെപ്റ്റംബര്‍ 14 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍ പുതുക്കിയ തീയതി അനുസരിച്ച് 2023 ഡിസംബര്‍ 14-നുള്ളില്‍ ആധാര്‍ രേഖകള്‍ പുതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷനു വേണ്ടി വന്‍ തിരക്ക് വര്‍ധിച്ചതോടെയാണ് ഒരു മാസം കൂടി തീയതി നീട്ടി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതുക്കിയ ഉത്തരവ് ഇന്നലെ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇതോടെ യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം. സംശയ ദൂരീകരണത്തിനായി യു.ഐ.ഡി.എ.ഐ-യുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. പത്തു വര്‍ഷം കൂടുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്നാണ് കേന്ദ്രത്തിന്റെ ചട്ടം. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാറാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. അതേസമയം നിശ്ചിത സമയത്തിനുള്ളിൽ പുതുക്കിയല്ലെങ്കിൽ പിന്നീട് പിഴയോടുകൂടി മാത്രമേ ആധാർ പുതുക്കാൻ കഴിയുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചു. പ്രവാസികളടക്കം ലക്ഷക്കണക്കിന് പേർ ഇനിയും ആധാർ രേഖകൾ പുതുക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.