സണ്ണി ലിയോണിന് യു.എ.ഇ ഗോള്‍ഡന്‍ വിസ; രാജ്യത്തിന് നന്ദി പറഞ്ഞ് താരം

Share

ദുബായ്: ഏവര്‍ക്കും സുപരിചിതയായ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഈ അടുത്ത ദിവസങ്ങളില്‍ മലയാള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ കോഴിക്കോട് നടന്നൊരു ചടങ്ങില്‍ പരിചിതമല്ലാത്ത കേരളീയ വേഷം ധരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സണ്ണി ലിയോണ്‍ ശ്രദ്ദേയയാകുന്നത് മറ്റൊരു വാര്‍ത്തയിലാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്ക് മാത്രം ലഭിക്കുന്ന യു.എ.ഇ ഗോള്‍ഡന്‍ വിസ സണ്ണി ലിയോണിന് ലഭിച്ചു എന്ന വാര്‍ത്തയും ഏറെ ശ്രദ്ധേയമാവുകയാണ്. യു.എ.ഇ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കൃത്യതയോടെ നല്‍കുന്ന ദുബായിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആണ് സണ്ണി ലിയോണിന് ഗോള്‍ഡന്‍ വിസ കൈമാറിയത്. ഇ.സി.എച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ സണ്ണി ലിയോണ്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മാധ്യമങ്ങളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തില്‍ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി.

യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലഭിച്ച അംഗീകാരത്തിന് നന്ദിയുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഇ.സി.എച്ച് ഡിജിറ്റലിലൂടെ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒടുവിലത്തെ താരമാണ് സണ്ണി ലിയോണ്‍. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന പേരില്‍ ജനിച്ച 42 കാരിയായ സണ്ണി ലിയോണ്‍. അതേസമയം സണ്ണി ലിയോണിന് യു.എ.ഇ-യുടെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. ഇ.സി.എച്ച് ഡിജിറ്റലിലൂടെയാണ് ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ അധികവും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മെയിന്‍ ലാന്റില്‍ രണ്ടുവര്‍ഷവും ഫ്രീസോണില്‍ മൂന്ന് വര്‍ഷവും കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യു.എ.ഇ-യില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019-ലാണ് യു.എ.ഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോ പത്തോ വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസകള്‍ക്ക് നല്‍കുന്നത്. മാത്രമല്ല ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും എന്നതാണ് പ്രത്യേകത. ഇതിനോടകം വിവിധ മേഖലകളിലെ പ്രഗൽഭരായ നിരവധി ഇന്ത്യക്കാര്‍ പ്രത്യേകിച്ചും മലയാളികള്‍ യു.എ.ഇ-യുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സാനിയ മിര്‍സ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, ടൊവിനോ, മിഥുന്‍, നൈല ഉഷ, റോമ, അന്ന ബെന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ അടക്കം  നിരവധി വ്യക്തിത്വങ്ങള്‍  യു.എ.ഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയിട്ടുണ്ട്.