ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 18 മുതല്‍ 21 വരെ വിളിച്ചുചേര്‍ത്ത പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന കാലയളവില്‍ സഭാ പ്രവര്‍ത്തനങ്ങള്‍ പുതിയ മന്ദിരത്തിലേയ്ക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. ഗണേശ ചതുര്‍ത്ഥിയായ 19-ന് പുതിയ മന്ദിരത്തിലേക്ക് മാറുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സമയം രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കുന്നതിനുള്ള ഭേദഗതി പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സാദ്ധ്യത. ഭാരത് വിവാദത്തിലൂടെ ദേശീയത ഉയര്‍ത്തി വോട്ട് നേടാനുള്ള നീക്കം ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യയില്‍ വച്ചു നടക്കുന്ന ജി-20 ഉച്ചകോടിയിലെ പ്രതിനിധികള്‍ക്ക് നല്‍കിയ കാര്‍ഡുകളിലും ഭാരത് എന്ന് രേഖപ്പെടുത്തിയതും ചര്‍ച്ചയായി. ഭരണഘടന അംഗീകരിച്ച വാക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ ന്യായീകരിച്ചപ്പോള്‍ ബിജെപി വിഭജനത്തിന് ശ്രമിക്കുന്നു എന്ന് പ്രതിക്ഷം തിരിച്ചടിച്ചു.
ഇതിനിടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമ്പത് വിഷയങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടുകയും വരാനിരിക്കുന്ന സമ്മേളനത്തില്‍ അവ ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, അദാനിക്കെതിരായ ആരോപണങ്ങള്‍, മണിപ്പൂര്‍ സംഘര്‍ഷം, ചൈന അതിര്‍ത്തി, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളാണ് സോണിയ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ഇതിനിടെ ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തു വന്നു. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്‌നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാല്‍ ബുദ്ധിശൂന്യമായ കളി സര്‍ക്കാര്‍ നിര്‍ത്തിക്കൊള്ളുമെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പരിഹാസം.