അദാനി വീണ്ടും പെട്ടു; ലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപമെന്ന് റിപ്പോര്‍ട്ട്

Share

മുംബയ്: ആഗോള വ്യവസായി അദാനിക്കെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി പുതിയ റിപ്പോര്‍ട്ട്. അദാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നതാണ് പുതിയ ആരോപണം. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട് എന്ന സ്ഥാപനമാണ് അദാനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൃതൃമമായി ഓഹരി വില ഉയര്‍ത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വഴിവിട്ട നീക്കം നടത്തി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ഉണ്ടാക്കിയ ക്ഷീണം മാറുന്നതിനു മുമ്പായി പുറത്തുവന്ന പുതിയ ആരോപണത്തിലൂടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ് നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ശ്രമമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു അദാനിക്കെതിരെയുള്ള വന്‍ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ ദിനംപ്രതി അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യം കൂപ്പുകുത്തുകയായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തില്‍ ആകെ 35,600 കോടി രൂപയുടെ ഇടിവ് ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്ന്ത്. അതില്‍ നിന്ന് കരകയറാനുള്ള ശ്രമം തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം അദാനിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തു വന്നു.  എന്തുകൊണ്ട് ​ഗൗതം അദാനിക്കെതിരെ അന്വേഷണമില്ലെന്ന് അദ്ദേഹം ചോ​ദിച്ചു. അദാനിക്കെതിരായ തെളിവുകളിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അദാനിക്കെതിരായ പത്രവാർത്ത ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിൽ രാഹുലിന്റെ പരാമർശം. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ-കുംഭകോണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഏക അജണ്ട ഉറ്റ സുഹൃത്തിനെ സമ്പന്നനാക്കുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ്ബ്യൂറോയും രംഗത്തുവന്നു. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തതെന്നും വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.