ബഹിരാകാശത്ത് പോകാന്‍ ‘അവള്‍’ തയ്യാര്‍; ഗഗന്‍യാന്‍ പദ്ധതി ഒക്ടോബറില്‍

Share

ഡല്‍ഹി: ചന്ദ്രയാന്‍-3-ന്റെ വിജയത്തിന് പിന്നാലെ ഇന്ത്യ കൂടുതല്‍ ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. കൊവിഡ് മഹാമാരി കാരണം വിക്ഷേപണം മാറ്റിവച്ച ഗഗന്‍യാന്‍ പദ്ധതി താമസിയാതെ സജ്ജമാക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഗഗന്‍യാന്‍ ദൗത്യത്തില്‍ വനിതാ റോബോട്ടിനെ അയക്കാനും തീരുമാനമുണ്ട്. വനിതാ റോബോട്ടായ വ്യോമിത്രയാണ് ഗഗന്‍യാന്‍ മിഷനില്‍ ഭാഗമാവുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. മനുഷ്യനെ പോലെ തന്നെ പെരുമാറാന്‍ പ്രാപ്തയാണ് വ്യോമിത്രയെന്നും ഒക്ടോബര്‍ ആദ്യവാരം ഇതിന്റെ ട്രയല്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ ആദ്യം കാല്‍ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന പേരില്‍ അറിയപ്പെടും. ബംഗളൂരുവില്‍ ഇസ്ട്രാക്ക് ക്യാമ്പസിലെത്തി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ശിവന്‍ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശിവശക്തി എന്ന പേരില്‍ ശക്തി വനിതാ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം, പ്രചോദനം, ശാക്തീകരണം എന്നിവ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ‘തിരംഗ’ എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എല്ലാ ഓഗസ്റ്റ് 23-ാം തീയതിയും ഇനി മുതല്‍ നാഷണല്‍ സ്പേസ് ഡേ ആയി ആഘോഷിക്കും.