സിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. 20-ഓളം പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങികിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോളന്‍ ജില്ലയിലെ ദുരന്തബാധിത പ്രദേശമായ ജാഡോണ്‍ മുഖ്യമന്ത്രി തിങ്കളാഴ്ച സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഹൃദയഭേദകമായ സംഭവമാണിതെന്ന് സുഖ്വീന്ദര്‍ സിങ് സുഖു മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഡെറാഡൂണ്‍, നൈനിറ്റാള്‍, ചംമ്പാവത്ത്, ഉദ്ദംസിംഗ് നഗര്‍, പൗരി, തെഹ്രി തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുന്നതിനാല്‍ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ട്. ഗംഗയുടെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണെന്നും തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജോഷിമഠില്‍ വീണ്ടും വിളളല്‍ രൂപപ്പെട്ടിട്ടുണ്ട്. ജോഷിമഠിലെ സുനില്‍ ഗ്രാമത്തിലെ പന്‍വാര്‍ മൊഹല്ലയിലെയും നേഗി മൊഹല്ലയിലെയും 16 വീടുകള്‍ അപകടഭീഷണിയിലാണ്. വിള്ളലുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് ജോഷിമഠ് നിവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും വീടുകള്‍ തകര്‍ന്നുവീഴുമെന്ന പേടിയില്‍ രാത്രി വീടിന് പുറത്ത് കഴിയേണ്ടി വന്നതായും ആളുകള്‍ പറഞ്ഞു.