വിമാന ടിക്കറ്റ് നിരക്ക് കുറയില്ല; കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

Share

ഡൽഹി: ഓണം സീസണില്‍ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് നല്‍കിയ കത്തിനുള്ള മറുപടിയില്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനുള്ള പരമിതിയുണ്ടെന്നും ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികള്‍ക്കാണെന്നും വ്യോമയാന മന്ത്രി അറിയിച്ചു. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ദ്ധന മാത്രമേയുള്ളൂവെന്നും ഡൈനാമിക് പ്രൈസിംഗ് സംവിധാനം ആയതിനാല്‍ യാത്രക്കാര്‍ നാളുകൾക്കു മുമ്പേ  ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമാണ് ആകെയുള്ള മാര്‍ഗമെന്നും ജ്യോതിരാദിത്യ സിന്ധ്യ കേരളത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പ്രത്യേക ആവശ്യം പരിഗണിച്ച് സീസണില്‍ കേരളത്തിലേക്ക് കുറഞ്ഞ ചെലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവും പ്രായോഗികമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി മാര്‍ച്ച് 30-ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലും അനുകൂലമായ മറുപടി ലഭിച്ചില്ല.