‘സ്വയം പുകഴ്ത്തല്‍ മാത്രം’; മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാതെ മോദി; പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Share

ദില്ലി: ആളിക്കത്തുന്ന മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണെന്നും പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ലെന്നും പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ തൃപ്തിയില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. 2024-ല്‍ ബിജെപിക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകുമെന്നും അല്‍പമെങ്കിലും തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് പറഞ്ഞ മോദി സ്വച്ഛഭാരത് പദ്ധതിയിലൂടെ മൂന്ന് ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം സഭയില്‍ ബഹളമായിരുന്നുവെന്നും മോദി….നിങ്ങളുടെ കുഴിമാടം തയ്യാറാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമെന്നും അപകീര്‍ത്തിപ്പെടുത്തുന്നതിന് അനുസരിച്ച് ശക്തനാകുന്ന ആളാണ് താനെന്നും പ്രധാനമന്ത്രി മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിന്റെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്ന് മോദി പരിഹസിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഓഫീസ് അടിച്ചുതകര്‍ത്തവരുമായാണ് കോണ്‍ഗ്രസ് സൗഹൃദമുണ്ടാക്കിയിരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെ കുറിച്ച് സംസാരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഒന്നര മണിക്കൂറോളം പ്രധാനമന്ത്രി സംസാരിച്ചിട്ടും മണിപ്പൂരിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും പല തവണ പ്രതിപക്ഷം ‘മണിപ്പൂരിനെ കുറിച്ച് പറയൂ’ എന്ന് ആവശ്യപ്പെട്ടിട്ടും മറുപടിയുണ്ടായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.