ഡല്‍ഹി: മണുപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സംഘര്‍ഷം കെട്ടടങ്ങാത്ത മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാകുമെന്നും സുപ്രീം കോടതി ചോദിച്ചു. മണിപ്പൂര്‍ വിഷയം പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മണിപ്പൂര്‍ ഡി.ജി.പി നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. മണിപ്പൂരില്‍ നിന്ന് 6,523 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂര്‍ വീഡിയോ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ കാലതാമസമുണ്ടായെന്ന് വ്യക്തമായതായി സുപ്രീം കോടതി വിമര്‍ശിച്ചു.
നിലവിലെ സാഹചര്യത്തില്‍ മണിപ്പൂരില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കരുതെന്ന് സി.ബി.ഐ-യോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരുമായി ബന്ധപ്പെട്ട കേസുകള്‍ ഉച്ചയ്ക്ക് കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെടാന്‍ കോടതി സോളിസിറ്റര്‍ ജനറലായ തുഷാര്‍ മേത്തയോട് വാക്കാല്‍ പറഞ്ഞിരുന്നു. കേസിലെ അതിജീവിതമാരുടെ മൊഴി എടുക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് കോടതി ആലോചിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത എഫ്ഐആറുകളെക്കുറിച്ചും ഇരകളുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദാംശങ്ങള്‍ അറിയിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ബെഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിന് ബംഗാള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ സമീപകാലത്ത് നടന്നവയുമായി താരതമ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരായ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എട്ട് മുതല്‍ പത്ത് വരെ പാര്‍ലമെന്റില്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി പത്താം തിയ്യതി മറുപടി പറയും. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം മുതല്‍ മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ആവശ്യം അംഗീകരിക്കാഞ്ഞതോടെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.