ഡല്‍ഹി: ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്നും അതിനായി മതം മാറിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ രാജസ്ഥാന്‍ സ്വദേശിയായ അഞ്ജു നിഷേധിച്ചു. കാഴ്ചകള്‍ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താല്‍ക്കാലികമായി പാകിസ്ഥാനിലെത്തിയതെന്നും ഇതിനായി സുഹൃത്തായ നസ്റുള്ളയുടെ സഹായം തേടിയെന്നുമാണ് അഞ്ജുവിന്റെ വിശദീകരണം.നസ്റുള്ളയെ വിവാഹം ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്നും അടുത്തമാസം ഇന്ത്യയിലെത്തുമെന്ന് യുവതി പറഞ്ഞതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ അഞ്ജു കഴിഞ്ഞ ആഴ്ചയാണ് ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യാ സ്വദേശി നസ്‌റുള്ളയെ കാണാന്‍ പാകിസ്ഥാനിലെത്തിയത്.
അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് പേര് ഫാത്തിമ എന്ന് മാറ്റിയെന്നും അപ്പര്‍ ദിറിലെ ജില്ലാ കോടതിയില്‍ നസ്‌റുള്ളയെ വിവാഹം കഴിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇരുവരും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പിന്നാലെ ഇനി ഇങ്ങനെയൊരു മകള്‍ തനിക്കില്ലെന്നും അവള്‍ മരിച്ചതായി കണക്കാക്കിയെന്നും അഞ്ജുവിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഭര്‍ത്താവ് അരവിന്ദ്, 15 വയസുള്ള മകള്‍, ആറ് വയസുള്ള മകന്‍ എന്നിവര്‍ അടങ്ങുന്നതാണ് അഞ്ജുവിന്റെ കുടുംബം. ജയ്പൂരിലെ സുഹൃത്തുക്കളെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു അഞ്ജു വീട് വിട്ടിറങ്ങിയത്. ഇന്ത്യ-പാകിസ്ഥാനിലെ വാഗാ-അട്ടാരി അതിര്‍ത്തിലൂടെയാണ് അഞ്ജു നസ്റുള്ളയുടെ അടുത്തെത്തിയത്.