നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്‌വിട്ട് പോലീസ്

Share

ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്‌വിട്ട് പോലീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. സിദ്ദിഖിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, തിരുവനന്തപുരം റേഞ്ച് ഡിഐജി , തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ഇവരിൽ ആരെയെങ്കിലുമോ, മ്യൂസിയം പോലീസിലോ വിവരം അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിർദേശം നൽകി.
കേസിൽ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിൽ ഒരു നമ്പർ മാത്രം അൽപ്പ നേരം ഓണായിരുന്നു. കുറച്ചു സമയം ബിസി ആയിരുന്ന ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആക്കി. ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖിനെ കാണാതാകുന്നത്.