സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഇന്ന് മുതൽ ആരംഭിക്കും

Share

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡ് മസ്റ്ററിങ് ഇന്ന് മുതൽ പുനരാരംഭിക്കും. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. ഇന്ന് മുതൽ മഞ്ഞ, പിങ്ക്‌ കാർഡ്‌ ഉടമകളും അംഗങ്ങളുമാണ്‌ റേഷൻകടകളിലെത്തി മസ്റ്ററിങ്‌ നടത്തേണ്ടത്‌. 24 വരെ തിരുവനന്തപുരം ജില്ലക്കാർക്കാണ്‌ മസ്റ്ററിങ്‌. ഇത്‌ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ ഭക്ഷ്യവകുപ്പ്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌.
25മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്‌ ജില്ലകളിലുമാണ്‌ മസ്റ്ററിങ്‌. ഒക്ടോബർ 15-നകം മുൻഗണനാ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്‌ നടപടികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള തിയതികൾ പിന്നീട് പ്രഖ്യാപിക്കും.
മസ്റ്ററിങ്ങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും കിടപ്പ് രോഗികൾക്കും ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ്‌ നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതത്‌ സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ്‌ നടത്താം.