കെ ഫോണിനെതിരെ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

Share

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. കെ ഫോണിനെതിരെ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്. പദ്ധതിയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ശ്യാംകുമാർ വി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്.
വി ഡി സതീശന് പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ എന്ന് വാദത്തിനിടെ കോടതി വിമർശിച്ചിരുന്നു. ലോകായുക്തക്ക് എതിരായ ഹർജിയിലെ പരാമർശങ്ങൾ കോടതിയുടെ വിമർശനത്തെ തുടർന്ന് പ്രതിപക്ഷ നേതാവിന് പിൻവലിക്കേണ്ടി വന്നു. കരാറിന് പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വാദം. 2018 ലെ കരാർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമർശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയിൽ നിന്നുയർന്നിരുന്നു.