പാരാലിംപിക്‌സിൽ ചരിത്രനേട്ടം; 20 മെഡലുകൾ നേടി ഇന്ത്യ

Share

പാരീസ്: പാരീസ് പാരാലിംപിക്‌സിൽ ചരിത്രനേട്ടവുമായി ഇന്ത്യ. പാരാലിംപിക്‌സിൽ ആറാം ദിനം പിന്നിട്ടപ്പോൾ 20 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിൽ മൂന്ന് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവും ഉൾപ്പെടും. ഇതിന് മുൻപ് ടോക്കിയോയിൽ 19 മെഡലുകൾ നേടിയതായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. പാരീസിൽ പാരാ അത്ലറ്റിക്സിലാണ് ഇന്ത്യ 10 മെഡലുകളും നേടിയത്. അഞ്ച് മെഡലുകൾ പാരാ ബാഡ്മിന്റണിൽ നേടിയപ്പോൾ ഷൂട്ടിങ്ങിൽ നാലും അമ്പെയ്ത്തിൽ ഒരു മെഡലും നേടി. ആറാം ദിനം മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ചത്. ശരദ് കുമാറും മാരിയപ്പൻ തങ്കവേലുവും പുരുഷന്മാരുടെ ഹൈജംപിൽ ടി63 വിഭാഗത്തിൽ വെള്ളിയും വെങ്കലവും നേടി. ശരാദ് 1.88 മീറ്റർ ദൂരം ചാടിയപ്പോൾ മാരിയപ്പൻ 1.85 മീറ്റർ ചാടി കരിയർ ബെസ്റ്റാണ് കാഴ്ചവെച്ചത്.
വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് എസ്എച്ച്6 വിഭാഗത്തിൽ നിത്യ ശ്രീ സുമതി സിവനും വെങ്കല നേട്ടത്തിലേക്കെത്തി. അമ്പെയ്ത്തിലെ മിക്സഡ് ടീം വിഭാഗത്തിൽ ശീതൾ ദേവി – രാകേഷ് കുമാർ സഖ്യം വെങ്കല മെഡൽ നേടിയപ്പോൾ ബാഡ്മിന്റൺ സിംഗിൾസിൽ മനീഷ രാമദാസ് വെങ്കലം നേടി.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ റൂബിന ഫ്രാൻസീസ് വെങ്കലം നേടിയപ്പോൾ വനിതകളുടെ 200 മീറ്റർ ടി35 വിഭാഗത്തിലും 100 മീറ്റർ ടി35 വിഭാഗത്തിലും പ്രീതി പാൽ വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ അജീത് സിങ് യാദവ് വെള്ളി നേടി. പുരുഷന്മാരുടെ ഹൈജംപ് ടി63 വിഭാഗത്തിൽ ശരാദ് കുമാർ വെള്ളി നേടി. ബാഡ്മിന്റണിലെ വനിതകളുടെ സിംഗിൾസ് എസ് യു5 വിഭാഗത്തിൽ തുളസിമതി മുരുഗേസൻ വെള്ളി മെഡൽ നേടിയെടുത്തു.