എഡിജിപി എം ആർ അജിത് കുമാറിന് നേരെയുള്ള ആരോപണങ്ങളെ തുടർന്ന് തലസ്ഥാനത്ത് നിന്ന് മാറ്റും

Share

മലപ്പുറം: എഡിജിപി എം ആർ അജിത് കുമാറിന് എതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ. അജിത് കുമാർ കൊലപാതകി ആണെന്നും സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും വരെ പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
“അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണ്. ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) പ്രവർത്തിക്കുന്നത് സ്വർണ്ണക്കടത്ത് ലോബിയുമായി ചേർന്നാണ്. പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വർണം കടത്താന്‍ ഉപയോഗിക്കുന്നത്. അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ് കസ്റ്റംസ് ഇവരെല്ലാം ചേർന്ന ​ഗ്രൂപ്പുണ്ട് എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.
കൂടാതെ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയെയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് എം ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിലെ ഒരു വിഭാഗം. എംഎല്‍എ നിയമസഭയിലുന്നയിച്ച വിഷയത്തില്‍ പൊലീസിന്റെ നിലപാടെന്താണെന്ന് ചോദിക്കുമ്പോള്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ പൊലീസാണോ നീതി നടപ്പിലാക്കുന്നത്. എം ആര്‍ അജിത് കുമാറാണോ ഗവണ്‍മെന്റിനെ സഹായിക്കുന്നത്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി മുൻപാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.’
മുഖ്യമന്ത്രി പിണറായി വിജയനെ ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കും. നടപടി ആവശ്യപ്പെട്ട് അപേക്ഷ എഴുതി തയാറാക്കി നൽകും. പൊലീസിലും പവർ ലോബിയുണ്ട്. പൊലീസിലെ ഈ ലോബിയെ തകർക്കേണ്ടതുണ്ട്. ജീവൻ അപകടിത്തിലാകുമെന്ന ഭീഷണിയുണ്ടെങ്കിലും ഈ അന്വേഷണത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പറയുന്നതിനെല്ലാം തെളിവുണ്ടെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം എഡിജിപി എം.ആര്‍ അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച്. വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യയ, മനോജ് എബ്രഹാം എന്നീ പേരുകളാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്. പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ചുമതലകളില്‍ നിന്നും മാറിനില്‍ക്കുമെന്ന് അജിത് കുമാര്‍ കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു.