ലൈംഗികാരോപണം; സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം എൽ എ മുകേഷ് രാജിവെച്ചേക്കും

Share

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും. സമിതിയിൽ നിന്ന് രാജിവെക്കാൻ മുകേഷിനോട് സിപിഎം നിർദേശിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. തീരുമാനമെടുത്ത് ഉടൻ പാർട്ടിയെ അറിയിക്കാൻ സിപിഎം നിർദേശം നൽകി.
കൊല്ലം എംഎൽഎ മുകേഷിനെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. വനിതാ അംഗങ്ങളടക്കം എംഎൽഎയെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുകേഷിനെതിരെ നടിമാർ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്‌കറ്റ് ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ 2016ൽ സിദ്ധിഖ് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ വഴിയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണം ഉയർന്നതിന് പിന്നാലെ സിദ്ധിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.