യു എ ഇ യിൽ ബാക്ക് ടു സ്‌കൂള്‍ ഷോപ്പിങ് സജീവമാണ്; അകപ്പെടുന്നത് മാതാപിതാക്കളും

Share

അബുദാബി: രാജ്യത്ത് വേനലവധി പൂർണമായി സ്‌കൂളുകള്‍ തുറക്കാൻ ഇനി കുറച്ച് ദിവസം മാത്രം. അതിന് മുന്നോടിയായി ബാക്ക് ടു സ്‌കൂള്‍ ഷോപ്പിങ് ഇപ്പോൾ സജീവമാണ്. എന്നാൽ ഷോപ്പിങ് ഇപ്പോൾ സജീവമായ സാഹചര്യത്തിൽ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുകയാണ് വാണിജ്യ സ്ഥാപനങ്ങൾ. ഇതിനെതിരെ
മുന്നറിയിപ്പുമായി എമിറേറ്റ്സ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ (ഇസിപിഎ) രംഗത്തെത്തി. ബാക്ക് ടു സ്‌കൂള്‍ ക്യാംപയിന്‍റെ ഭാഗമായി ലഭ്യമാക്കുന്ന ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ നല്‍കാന്‍ വാണിജ്യ സ്ഥാപനങ്ങളോടും സ്വകാര്യ സ്‌കൂളുകളോടും അധികൃതര്‍ ആഹ്വാനം ചെയ്തു.
മിതമായ നിരക്കില്‍ വിതരണത്തിനായി ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട്, കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കാന്‍ വാണിജ്യ സ്ഥാപനങ്ങളും സ്‌കൂളുകളും തയ്യാറാവണമെന്നാണ് ഇസിപിഎയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുഹൈരി അറിയിച്ചത്. അമിതമായ വിലകളിലൂടെയോ ഉയര്‍ന്ന ഡിമാന്‍ഡുള്ള കുത്തകവല്‍ക്കരണ സാധനങ്ങളിലൂടെയോ അവര്‍ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഏതെങ്കിലും ഒരു പ്രത്യേക ഷോപ്പില്‍ നിന്നോ വിതരണക്കാരില്‍ നിന്നോ മാത്രം യൂനിഫോം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളെ സ്‌കൂളുകള്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. സ്‌കൂള്‍ യൂണിഫോമുകളുടെ വില, അവ ലഭിക്കുന്ന ഒന്നിലധികം സ്ഥലങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ലഭ്യമാക്കണം.
2020 ലെ ഫെഡറല്‍ നിയമം 15ലെ ആര്‍ട്ടിക്കിള്‍ 24 അനുസരിച്ച് ഏതെങ്കിലും ചൂഷണത്തിനോ വാണിജ്യ വഞ്ചനയ്ക്കോ വിധേയരായാല്‍ പരാതികള്‍ ഫയല്‍ ചെയ്യാനും നഷ്ടപരിഹാരം നേടാനുമുള്ള ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവുമായോ അവയുടെ വിലയുമായോ സ്‌കൂള്‍ ഷോപ്പിങ് വേളയിലെ മറ്റേതെങ്കിലും നിയമലംഘനങ്ങളുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.