പ്രവാസികൾക്ക് തിരിച്ചടി; ബാഗേജ് പരമാവധി ഭാരം കുറച്ച് എയർ ഇന്ത്യ

Share

പ്രവാസികൾക്ക് ഇരുട്ടടിയാകുന്ന ഒരു തീരുമാനവുമായി എയർ ഇന്ത്യ. വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുന്നതുൾപ്പെടെ, യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം കുറച്ചിരിക്കുന്നു എന്ന തീരുമാനമായാണ് എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടു പോകാൻ സാധിച്ചിരുന്ന 30 കിലോയിൽ നിന്ന് 20 ആയി ആണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.
ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഓഗസ്റ്റ് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാൻ സാധിക്കുന്നത്. ആഗസ്റ്റ് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നത്. ഖലീജ് ടെെംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിൽ സൗജന്യ ബാഗേജിന്‍റെ ഭാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസി രംഗത്തുള്ളവർ പറഞ്ഞു. മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും യാത്ര പോകുന്നവർ ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ ഇത് ശ്രദ്ധിക്കണം. ലഗേജിന്‍റെ ഭാരം കുറച്ച നടപടി യുഎഇയിലെ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ലഗോജ് കൊണ്ടു വരണം എങ്കിൽ മറ്റു വിമാനത്തിൽ ടിക്കറ്റ് എടുക്കണ്ട അവസ്ഥയാണ്.