ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Share

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
രാത്രി കാലങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. രാത്രിയില്‍ സെക്യൂരിറ്റി നിരീക്ഷണം ശക്തമാക്കണം. രോഗികളോ കൂട്ടിരുപ്പുകാരോ ജീവനക്കാരോ അല്ലാതെ പുറത്തുനിന്നുള്ള പാസില്ലാത്ത ഒരാളും രാത്രികാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ തങ്ങാന്‍ പാടില്ല. അനധികൃതമായി കാമ്പസിനുള്ളില്‍ തങ്ങുന്നവര്‍ക്കെതിരെ പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കേണ്ടതാണ്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാനായി ജീവനക്കാര്‍ക്ക് ഏകീകൃത നമ്പര്‍ നല്‍കണം. ഫോണ്‍ വഴി അലാറം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന സംവിധാനം സജ്ജമാക്കണം. തെരുവുനായകളുടെ ആക്രമണങ്ങളില്‍ നിന്നും ജീവനക്കാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയാറാക്കി നടപ്പാക്കണം. ആബുലന്‍സുകളുടെ അനധികൃത പാര്‍ക്കിങ് അനുവദിക്കില്ല. പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ഉന്നയിച്ച വിഷയങ്ങളില്‍ മെഡിക്കല്‍ കോളജ് തലത്തില്‍ പരിഹാരം കാണാനും മന്ത്രി നിര്‍ദേശം നല്‍കി.