ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ

Share

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. സെപ്റ്റംബര്‍ അഞ്ചുമുതലാകും ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുക. ഉത്രാട ദിനംവരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ സപ്ലൈകോ ചന്തകളിലും വില്‍പ്പനയ്ക്കുണ്ടാകും.
ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തല്‍സൗകര്യം ഉണ്ടാകും സബ്സിഡിയിതര ഉല്‍പ്പന്നങ്ങളുടെ ഓഫര്‍ മേളയുമുണ്ടാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള നടക്കുക. താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓണചന്തകളായി പ്രവര്‍ത്തിക്കും.
നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ നിര്‍ദ്ദേശം നല്‍കി. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഓണ കാലത്ത് പ്രത്യേക പരിശോധന നടത്തുന്നതിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ് , റവന്യു , പോലീസ് , ലീഗല്‍ മെട്രോളജി , ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധനവ് പ്രകടമായിരുന്നു. കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എന്നാല്‍ ഈ മാസം മുതല്‍ അരി , വെളിച്ചെണ്ണ , ചെറുപയര്‍ , കടല , തുവര, മുളക് എന്നിവയുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. പഴം , പച്ചക്കറികള്‍ , കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ഉത്പ്പാദക സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളത്തിന്റെ വിലക്കയറ്റനിരക്ക്.