സജിമോൻ പറയില്‍ നൽകിയ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വിധി; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും

Share

കൊച്ചി∙ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയില്‍ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി. റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയെ നിയമിച്ചത്. 2019ലാണ് കമ്മിറ്റി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ജൂലൈ 24ന് പുറത്തുവിടുമെന്നാണ് നേരത്തേ സർക്കാർ അറിയിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരുന്നത്. പിന്നാലെയാണ് സജിമോൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.