മൃതദേഹഭാഗങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിൽ തിരച്ചിൽ തുടരും

Share

മഹാ ദുരന്തം പിന്നിട്ട് രണ്ടാഴ്ച കഴിയുമ്പോഴും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. ചാലിയാറിന്റെ തീരത്ത് നിന്ന് ഇന്നലെ രണ്ട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. ഇന്നും ഈ മേഖലയില്‍ തന്നെ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ നടക്കുമെന്നാണ് സൂചന. ചൂരല്‍ മലയില്‍ നിന്നൊഴുകി സൂചിപ്പാറ വെള്ളച്ചാട്ടത്തിലെത്തി ചാലിയാറിലേക്കൊഴുകുന്ന പുഴയിലാകെ തിരച്ചില്‍ നടക്കുകയാണ്. ചാലിയാറിന്റെ തീരത്ത് 7 സംഘംങ്ങൾ അതി ദുര്‍ഘടമായ പ്രദേശത്താണ് ദൗത്യവുമായി ഇന്ന് എത്തിയത്.
ഇരുട്ടുകുത്തി,കൊട്ടുപാറക്കടവ് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഇന്നലെ മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്. ചാലിയാറിലേക്ക് ഒഴുകുന്ന കൈവഴികളില്‍ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കൂടുതല്‍ മേഖലകളിലേക്ക് തെരച്ചില്‍ നടത്താന്‍ ഇപ്പോഴാവുന്നുണ്ട്.
മൃതദേഹ ഭാഗങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ നാളെയും തെരച്ചില്‍ ഈ മേഖലകളിലാണ് കേന്ദ്രീകരിക്കുക. ഒപ്പം,പുന്‍ചിരിമറ്റം മുതല്‍ ചൂരല്‍ മല വരെയും തിരച്ചില്‍ നടക്കും. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലടക്കം ഈ പ്രദേശത്ത് ഇന്നും നടന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇനി 126 പേരെ കണ്ടെത്താനുണ്ട്.