വയനാടിലെ ദുരന്ത മേഖലയിൽ രണ്ടു മാസത്തേക്ക് സൗജന്യ വൈദ്യുതി

Share

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്‌സ്‌ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നൽകി. അതേസമയം ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. സംയുക്ത സംഘം ഇന്ന് യോഗം ചേർന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.