2024 പാരീസ് ഒളിമ്പിസ്; മെഡൽ പ്രതീക്ഷയുമായി ഇന്ത്യ പോരാട്ടത്തിന്റെ ഏഴാം നാൾ

Share

2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ പോരാട്ടത്തിന്റെ ഏഴാം നാളിൽ. ഇതുവരെ ഇന്ത്യ മൂന്ന് മെഡൽ ആണ് നേടിയത്. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്‌നിൽ കുസാലെ ഇന്ത്യക്കായി വെങ്കല മെഡൽ സ്വന്തമാക്കി. പാരീസിൽ ഇന്ത്യക്ക് ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിംഗിൽ നിന്നാണ്.
45.4 പോയിന്റ് നേടിയാണ് സ്വപ്‌നിൽ വെങ്കലം നേടിയത്. ചൈനക്കാണ് സ്വർണം. വെള്ളി മെഡൽ യുക്രൈൻ സ്വന്തമാക്കി. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് സ്വപ്‌നിൽ. 2022 ൽ ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.
അതേസമയം എച്ച്. എസ്. പ്രണോയിയെ പ്രീ ക്വാർട്ടറിൽ കീഴടക്കി ക്വാർട്ടറിൽ എത്തിയ ലക്ഷ്യ സെൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ. ബാഡ്മിന്റണിൽ സെമിയിൽ പ്രവേശിച്ചാൽ വെങ്കല മെഡൽ ഉറപ്പിക്കാം. പ്രീ ക്വാർട്ടറിൽ മലയാളി താരം എച്ച് എസ് പ്രണോയിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി ആയിരുന്നു ലക്ഷ്യ സെൻ മെഡൽ ലക്ഷ്യത്തിലേക്ക് അടുത്തത്. അതേസമയം, വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു പ്രീ ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ഹീ ബിങ്‌ജിയാവോ ആണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമിനായിരുന്നു പി വി സിന്ധുവിന്റെ തോൽവി. സ്കോർ: 21 – 19, 21 – 14. 2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും മെഡൽ നേടിയ താരമായിരുന്നു പി വി സിന്ധു.