അർജുന് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസം; പ്രതീക്ഷയില്ലാതെ കുടുംബം

Share

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്തിയിട്ട് എട്ട് ദിവസം. അർജുന്റെ ലോറി പിറ്റേ ദിവസം എൻജിൻ സ്റ്റാർട്ടായതായി ജിപിഎസിൽ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തിൽ വാസ്തവമില്ലെന്നും ലോറിയുടമ മനാഫ്. ലോറിയുടെ എൻജിൻ പിറ്റേ ദിവസം സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തിയെന്ന് ആരോ തെറ്റായ പ്രചാരണം നടത്തിയതാണ്. അത് പലരും ഏറ്റുപിടിച്ച് പ്രചരിപ്പിച്ചു. അത്തരമൊരു കണ്ടെത്തൽ ഒരു അന്വേഷണ ഏജൻസിയും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ അധികൃതർ അങ്ങനെ പറഞ്ഞോ എന്നറിയില്ലെന്നും മനാഫ് പറഞ്ഞു. കെഎ 15 എ 7427 കർണാടക രജിസ്‌ട്രേഷനിലുള്ളതാണ് സാഗർ കോയ ടിംബേഴ്‌സ് എന്ന ലോറി.
ഒരു വർഷം മുമ്പ് വാങ്ങിയതാണ് ഭാരത് ബെൻസ് കമ്പനിയുടെ എയർ കണ്ടീഷൻഡ് ഡ്രൈവിംഗ് കാബിനുള്ള ലോറി. അർജുൻ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടാണിത്. ഇവിടെ കുന്നിന്റെ ഭാഗത്തുണ്ടായിരുന്ന ഒഴിഞ്ഞ ഭാഗത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. അർജുന്റെ ലോറിയും ഇവിടെയായിരിക്കും പാർക്ക് ചെയ്തിരുന്നതെന്നാണ് കരുതുന്നത്.
അതേസമയം ഷിരൂരിലെ മണ്ണിടിച്ചിൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.
അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ കുടുംബം അതൃപ്തി അറിയിച്ചു. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല എന്ന് അർജുന്റെ അമ്മ പറഞ്ഞു. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ അവർക്ക് യാതൊന്നും ചെയ്യാനായില്ല എന്ന് അർജുന്റെ അമ്മ ഷീല മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.