കർണാടകയിലുണ്ടായ മണ്ണിച്ചിലിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല

Share

ബെംഗളൂരു: കർണാടകയിൽ ദേശീയപാതയിലുണ്ടായ വൻ മണ്ണിച്ചിലിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചില്ല. ഷിരൂർ ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ജിപിഎസ് സംവിധാനം വഴി വാഹനം പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. എന്നാൽ ഇതുവരെയും ഡ്രൈവവർ അർജുനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
നിലവിൽ രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ തുടങ്ങിയെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. അർജുനെ കാണാതായ വിവരം അറിയാൻ വൈകിയെന്നും മന്ത്രിപറഞ്ഞു. കർണാടക ഗതാഗത മന്ത്രിയുമായി ഉടൻ സംസാരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് എംകെ രാഘവൻ എംപി പ്രതികരിച്ചു.
സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും നാവികസേന എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും എസ്പിയുമായി സംസാരിച്ചുവെന്നും കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.