ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നാം; അടിയന്തര യോഗം ചേരും

Share

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. റെയിൽവേ സ്‌റ്റേഷനിൽ കൂടി പോകുന്ന തോടിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യ, റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും മേയറും യോഗത്തിൽ പങ്കെടുക്കും. റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ആമയിഴഞ്ചാൻ കനാലിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതാകുകയും രണ്ട് ദിവസത്തിന് ശേഷം മൃതദേഹം ലഭിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. അതേസമയം ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേ ഭാഗത്തെ മാലിന്യനീക്കത്തിൽ പരസ്പരം പഴിചാരി കോർപ്പറേഷനും റെയിൽവേയും. നേരത്തെ മാലിന്യം നീക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് റെയിൽവേ. എന്നാൽ അയച്ച നോട്ടീസുകളുടെ പകർപ്പ് കോർപ്പറേഷൻ പുറത്തുവിട്ടു.
റെയിൽവേ ഭൂമിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം കഴിഞ്ഞ വർഷമാണ് റെയിൽവേ ഏറ്റെടുത്തത്. ഈ വർഷം മൺസൂണിന് മുമ്പേ പൂർത്തിയാക്കേണ്ട ശുചീകരണം വൈകിയതാണ് അപകടത്തിന് കാരണമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ല എന്നാണ് റെയിൽവേ അധികൃതരുടെ ന്യായീകരണം. ഖരമാലിന്യ സംസ്‌കരണ പ്ലാന്റുണ്ടെന്നും റെയിൽവേ അവകാശപ്പെട്ടു.