മലപ്പുറത്ത് പനി പടരുന്നു; 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു

Share

മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് രണ്ടു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചവർ മൂന്നായി. ഈ മാസം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലുമായി.
ആറു മാസത്തിനിടെ ഒമ്പതുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ 13 പേർ വയറിളക്കരോഗവുമായി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സയിലാണ്.
നിലവിൽ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ശക്തമാക്കിയിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉൾപ്പെടെയുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധപരിചരണം ഉറപ്പാക്കുമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.