ഒമാനിലെ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Share

മസ്‌ക്കറ്റ്: ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. നിയമവിരുദ്ധമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് അപ്പാര്‍ട്ടുമെന്റുകളും ഒരു ബ്യൂട്ടി സലൂണും അധികൃതര്‍ അടച്ചുപൂട്ടി. ആരോഗ്യ മന്ത്രാലയം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘം ബൗഷര്‍, സീബ് വിലായത്തുകളില്‍ നടത്തിയ വ്യാപക പരിശോധനകളിലാണിത്.
ഇവിടങ്ങളില്‍ നിന്നുള്‍പ്പെടെ 4,600-ലധികം അനധികൃത മെഡിക്കല്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളാണ് റെയിഡുകളില്‍ പിടിച്ചെടുത്തത്. ഇത്തരം സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങള്‍ നിരീക്ഷിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
നിലവിൽ സൗന്ദര്യവര്‍ദ്ധക സേവനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആരോഗ്യ അധികാരികളുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ലൈസന്‍സില്ലാത്ത കേന്ദ്രങ്ങളില്‍ കാലഹരണപ്പെട്ടവയോ മായം കലര്‍ന്നതോ ആയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇവിടങ്ങളില്‍ സേവനം തേടി എത്തുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്നതും നിയമവിരുദ്ധ വസ്തുക്കള്‍ ഇതിനായി ഉപയോഗിക്കുന്നതും ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. ഇനിമുതൽ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.