കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിൽ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും ഉൾപ്പെടുത്തും

Share

തിരുവനന്തപുരം: ബസ് സ്റ്റേഷനുകളില്‍ ഇനി മുതൽ സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും ആരംഭിക്കാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി. എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളിലു ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലുമാണ് റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കാൻ തീരുമാനമാകുന്നത്. ഇതിനായി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളുടെ താല്‍പ്പര്യപത്രം ക്ഷണിച്ചു.
മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, റസ്റ്റോറന്‍റുകളില്‍ പരമ്പരാഗത ഭക്ഷണം ഉൾപ്പെടുത്തി ഉച്ചയ്ക്ക് ഒരു വിഭവമായി നല്‍കുക, ലോങ് റൂട്ട് ബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്‍റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്‍റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക എന്നിവയാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.