കണ്ണൂർ വിമാനത്താവളത്തെ ലക്ഷ്യമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്; കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിപ്പ്

Share

ദുബായ്: യാത്രക്കാർക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് നിരവധി സർവീസ് ലഭ്യമാണെങ്കിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. നിലവിൽ കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്.
അതേസമയം അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി റാസ് അൽ ഖൈമയിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. മുൻപ് ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റിൽ വ്യക്തമാക്കി. ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചു. അതേസമയം, കണ്ണൂരിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിച്ചേർത്തു.