കുവൈറ്റ് രാജ്യത്തെ ഏകീകൃത ബയോമെട്രിക് രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് നിർദ്ദേശം

Share

കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് രജിസ്ട്രേഷൻ നടപ്പാക്കാനുളള സംവിധാനം പുരോഗമിക്കുകയാണ്.ഇനിയും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാകാത്ത പ്രവാസികൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമുണ്ട്. അതേസമയം ബയോമെട്രിക് രജിസ്ട്രേഷൻ സംബന്ധിച്ച് നിരവധി സംശയങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് ഈ സംവിധാനം പൂർത്തിയാകാത്തവർക്ക് കുവൈറ്റിലേക്ക് മടങ്ങിയെത്താൻ കഴിയുമോ എന്നത്.
നിലവിൽ ജൂണ്‍ ഒന്നിനുള്ളിൽ രാജ്യത്തെ പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്നാണ് കുവൈറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്ട്രേഷൻ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെയാണ് രജിസ്ട്രേഷൻ പൂർത്തിയാകാത്ത പ്രവാസികൾക്ക് മടങ്ങിവരാമെന്ന വിശദീകരണവുമായി കുവൈറ്റ് അധികൃതർ രംഗത്തെത്തിയത്. അതേസമയം രജിസ്ട്രേഷൻ പൂർത്തിയാകാത്ത വ്യക്തികളുടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം താൽക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു.
നിശ്ചിതസമയത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനും നിർദേശമുണ്ട്. മെറ്റാ പ്ലാറ്റ്ഫോം, സഹൽ ആപ്പ് എന്നിവയിലൂടെ ബയോമെട്രിക് രജിസ്ട്രേഷൻ അപ്പോയിന്‍റ്മെന്‍റുകൾ ബുക്ക് ചെയ്യാനാകുന്നതാണ്. ജൂണ്‍ ഒന്നുമുതല്‍ വിരലടയാളം നല്‍കാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റും ഡ്രൈവിങ് ലൈസന്‍സും പുതുക്കുന്നത് ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ലഭ്യമാവില്ലെന്ന് നേരത്ത അധികൃതർ അറിയിച്ചിരുന്നു. നിലവിൽ പ്രവാസികൾക്കും സ്വദേശികൾക്കും കര – വ്യോമ അതിർത്തിയിലും സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സംവിധാനങ്ങളുണ്ട്.