ബാങ്കില്‍ നിന്നാണെന്ന വ്യാജ കോളിൽ തട്ടിപ്പ്; വന്‍ സംഘത്തെ പിടികൂടി ദുബായ് പോലീസ്

Share

ദുബായ്: ബാങ്കില്‍ നിന്നാണെന്ന പേരിൽ തട്ടിപ്പ് നടത്തിയ വന്‍ സംഘത്തെ പിടികൂടി ദുബായ് പോലീസ്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് അക്കൗണ്ട് ബ്ലോക്ക്, ഫ്രീസ് എന്നിവ പറഞ്ഞ് പേടിപ്പിച്ച് തട്ടിപ്പ് നടത്തുന്ന 494 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ 406 തട്ടിപ്പ് കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വലിയ തുക ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, സിം കാര്‍ഡുകള്‍ എന്നിവയും പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു.
ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇവര്‍ വിളിക്കുന്നത്. തുടർന്ന് കള്ള ഇമെയിലും, എസ്.എം.എസും, സോഷ്യല്‍ മീഡിയ ലിങ്കുകളും ഉപയോഗിച്ച് പണം തട്ടും. അതേസമയം ഫോണില്‍ വിളിക്കുന്നവര്‍ക്ക് ബാങ്കിങ് വിവരങ്ങള്‍ കൈമാറുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസിന്റെ സി.ഐ.ഡി വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ശംസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ഭീഷണികളില്‍ വീണുപോകരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി.