പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ

Share

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുൺ, ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, കുന്നോത്ത്പറമ്പ് സ്വദേശി കെ. അതുൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ ഷറിൽ മരണപ്പെട്ടത്. സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ സംഭവസമയത്ത് 10 ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കൂടുതൽ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണ് എന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുകയും ചെയ്തു.