ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശ്വാസകോശ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

Share

ന്യൂഡൽഹി: ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശരാശരി വായുഗുണ നിലവാരം 352 രേഖപ്പെടുത്തി. നഗര പ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്.
ദീപാവലിക്ക് ശേഷം ദില്ലിയിലെ വായുമലിനീകരണം വര്‍ദ്ധിച്ചതില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ദില്ലിയില്‍ പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ച നടപടി കണ്ണില്‍ പൊടിയിടുന്നതുപോലെയായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദീപാവലിക്ക് ശേഷവും രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. നഗര പ്രദേശങ്ങളില്‍ വായു ഗുണനിലവാരം 350ന് മുകളില്‍ തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
ദീപാവലി അനുബന്ധിച്ചുള്ള പടക്കം, കരിമരുന്ന് പ്രയോഗം എന്നിവയാണ് വായു ഗുണനിലവാരം മോശമാകാന്‍ കാരണമെന്നാണ് നിഗമനം. ഇതിനു പുറമെ മലിനീകരണം രൂക്ഷമായതോടെ
കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയില്‍ വിഷപ്പത നുരഞ്ഞു പൊങ്ങിയതും ആശങ്കയുണര്‍ത്തുന്നുണ്ട്.
സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ബവാന , ആനന്ദ് വിഹാര്‍ തുടങ്ങിയ മേഖലകളില്‍ 400ന് മുകളിലാണ് വായു ഗുണനിലവാരം. സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ശൈത്യകാലം ആരംഭിക്കുന്നതോടെ മലിനീകരണ തോത് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.