മൂന്നാര്‍: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയം. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. അരമണിക്കൂറോളം നേരം ഈ വിമാനം മാട്ടുപ്പെട്ടി ഡാമിലുണ്ടാകും. സംസ്ഥാന വിനോദ സഞ്ചാര മേഖലയിലെ പുതിയ നാഴികക്കല്ലായി മാറി ‘സീ പ്ലെയിൻ’. പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. നേരത്തെ, ‘സീ പ്ലെയിൻ’ പദ്ധതി പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ജനകീയ പദ്ധതിയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് വിനോദ സഞ്ചാരമേഖലയിൽ ഒട്ടേറെ സാധ്യതകളാണ് ഉള്ളതെന്നും ജനസാന്ദ്രത അതിനൊരു തടസ്സമാണെങ്കിലും ‘സീപ്ലെയിൻ’ വിനോദ സഞ്ചാരവകുപ്പിൻ്റെ കുതിപ്പിന് വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കൂടുതലിടങ്ങളിലേയ്ക്ക് സർക്കാർ വ്യാപിപ്പിക്കുമെന്നും കേരളത്തിന് ഫ്ലൈയിങ് ടാക്സി പോലും അതി വിദൂരമല്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മളുള്ളതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ ആർക്കും ആശങ്ക വേണ്ട. എല്ലാവരുമായും ചർച്ച ചെയ്താണ് സർക്കാർ ഓരോ പദ്ധതിയും നടപ്പാക്കുന്നതെന്നും പദ്ധതിവഴി പ്രാദേശിക വികസനത്തിനും കുതിപ്പേകുന്ന പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.