ഡോക്ടർ വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി

Share

കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസില്‍ ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്‍റെ അപേക്ഷ സുപ്രിം കോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ കോടതി നിര്‍ദേശം നല്‍കി.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ പ്രതി സന്ദീപിൻ്റെ മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കൊലപെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇരുപത്തിനാല് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ ഹാജരാകും. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.