ദേശീയ തിരഞ്ഞെടുപ്പ് അസംബ്ലി; നാളെ കുവൈറ്റില്‍ പൊതു അവധി

Share

കുവൈറ്റ് സിറ്റി: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാളെ കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമീറിനെ എംപിമാരില്‍ ഒരാള്‍ അപമാനിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരി 15ന് പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. അബ്ദുള്‍ കരീം അല്‍ കന്ദരി എന്ന പാര്‍ലമെന്റ് അംഗം സഭയില്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് നാടകീയ രംഗങ്ങള്‍ പാർലമെന്റിൽ ഉടലെടുത്തത്. പരാമര്‍ശം സഭയിൽ നിന്ന് നീക്കാന്‍ സ്പീക്കര്‍ അഹമദ് അല്‍ സദൂന്‍ ശ്രമിച്ചെങ്കിലും അംഗങ്ങള്‍ അനുവദിച്ചില്ല. പിന്നീട് വോട്ട് നടക്കുകയും അതിൽ 44 എംപിമാര്‍ പരാമര്‍ശം നീക്കേണ്ടതില്ലെന്നും, മൂന്ന് എംപിമാരും 12 കാബിനറ്റ് മന്ത്രിമാരും അനുകൂലിക്കുകയായിരുന്നു. ഇതോടെ മന്ത്രിസഭാംഗങ്ങള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി അമീറിനോട് അഭ്യര്‍ഥിച്ചു. അമീറിന്റെ ശുപാര്‍ശ പ്രത്യേക മന്ത്രിസഭ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കുകയും ചെയ്തതോടെ ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തു.