പേരാമ്പ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

Share

കോഴിക്കോട്: പേരാമ്പ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പേരാമ്പ്ര വാളൂർ സ്വദേശിനി ആയ അനുവിനെയാണ് തോട്ടിൽ മറിച്ച് നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് കുമാർ ഐപിഎസ്.
അനുവിൻ്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം രൂപപെട്ടത്. തുടർന്ന് ഇത്തരം കൃത്യങ്ങൾ നടത്തുന്ന കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുകയും, പട്ടികയിലുള്ളവർ അടുത്തകാലത്ത് ജയിൽമോചിതരായോ എന്ന് അന്വേഷിച്ചു കണ്ടെത്തിയതോടെയാണ് മുജീബ് റഹ്മാനിലേക്ക് സംശയമായി എത്തിചേർന്നത്. അനുവിനെ കൊലപ്പെടുത്തിയ പ്രതിയായ മുജീബ് റഹ്മാൻ സഞ്ചരിച്ച ബൈക്ക് തിരിച്ചറിയാനായി ഏകദേശം 100 ഓളം സിസിടിവി കാമറകളാണ് പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങൾവെച്ചു ബൈക്ക് തിരിച്ചറിഞ്ഞെങ്കിലും പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനും പ്രയാസം നേരിട്ടിരുന്നു. പിന്നീട് മലപ്പുറം പോലീസിൻ്റെയും സൈബർ സെല്ലിൻ്റെയും സഹായത്തോടെ ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയെ ലൊക്കേറ്റ് ചെയ്തത്. ശേഷം കോഴിക്കോട് റൂറൽ, മലപ്പുറം പോലീസ് സംഘം സംയുക്തമായി നടത്തിയ നീക്കത്തിൽ കൊണ്ടോട്ടിയിലെ വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.