സൗദിയിൽ അടുത്ത വാരത്തോടെ മഴ കനക്കും

Share

റിയാദ്: അടുത്ത ആഴ്ച മധ്യത്തോടെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെട്ടേക്കും. ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കുംക്കാനാണ് സാധ്യത. സൗദി അറേബ്യയുടെ വലിയ ഭൂഭാഗങ്ങളില്‍ മഴ വര്‍ഷിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങള്‍ വിശകലനം ചെയ്ത് അറേബ്യ വെതര്‍ സെന്റര്‍ തയ്യറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റിന് പുറമേ, ഇടിമിന്നലും ആലിപ്പഴവും ഉണ്ടാകും. നാളെ ഞായറാഴ്ച രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയുണ്ടാവും. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിലും മധ്യഭാഗത്തും വ്യത്യസ്ത ഉയരങ്ങളില്‍ ധാരാളം മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ചെറിയ തോതിലുള്ള മഴയ്ക്ക് കാരണമാവും. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍. മദീന ഭാഗങ്ങളിലും റിയാദ് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇത് മഴയ്ക്ക് ഇടയാക്കും. തിങ്കളാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിമിന്നലുണ്ടാവും. തബൂക്ക്, വടക്കന്‍ അതിര്‍ത്തി, അല്‍-ജൗഫ്, ഹായില്‍, മദീന എന്നീ പ്രദേശങ്ങളുടെ വലിയ ഭാഗങ്ങളില്‍ ഇടിമിന്നലുണ്ടാവും. മദീന, അല്‍ഖസീം, വടക്കന്‍ റിയാദ് എന്നിവിടങ്ങളില്‍ ഇടിമിന്നലുകള്‍ക്കൊപ്പം പെയ്യുന്ന മഴയില്‍ താഴ്‌വരകളിലും മലയടിവാരങ്ങളിലും വെള്ളമൊഴുക്കുണ്ടാവും. ചൊവ്വാഴ്ച രാജ്യത്തിന്റെ കിഴക്കന്‍ മേഖലയ്ക്ക് പുറമേ മധ്യഭാഗത്തും വടക്കുകിഴക്കുമായാണ് മഴ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളില്‍ ഇടയ്ക്കിടെ ഇടിമുഴക്കത്തോടെയുള്ള ഒറ്റപ്പെട്ട ചെറിയ മഴയുണ്ടാവും.