ഷാര്‍ജ ഒരുങ്ങുന്നു പുതിയ വിനോദസഞ്ചാര കേന്ദ്രവുമായി

Share

ഷാര്‍ജ: യുഎഇ ഒരുങ്ങുന്നു കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി. വിനോദസഞ്ചാരികൾക്കും, പൊതുജനങ്ങൾക്കും ആകർഷകമായ കാഴ്ച്ചയൊരുക്കികൊണ്ട് പുതിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കൂടി തുറന്ന്പ്രവർത്തിച്ച് ഷാർജ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ഷാര്‍ജയിലെ കല്‍ബ നഗരത്തില്‍ ‘ഹാംഗിംഗ് ഗാര്‍ഡന്‍സ്’ എന്ന പേരിൽ പുതിയ ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നത്.
കല്‍ബ-ഷാര്‍ജ റോഡിലെ പുതിയ ടൂറിസം കേന്ദ്രം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഉദ്ഘാടനം ചെയ്ത ശേഷം ഷാര്‍ജ ഭരണാധികാരി പൂന്തോട്ടത്തിന്റെ സൗന്ദര്യം നേരില്‍ ആസ്വദിക്കുകയുണ്ടായി. ഉദ്ഘാടനത്തിന്റെ ഭാഗമായി കുരുന്നുകുട്ടികള്‍ ചേര്‍ന്ന് ഷെയ്ഖ് സുല്‍ത്താന് ഹൃദ്യമായ വരവേല്‍പ് നല്‍കുയും സംഗീതവിരുന്നൊരുക്കുകയും ചെയ്തു. 215 പേര്‍ക്ക് ഇരിക്കാവുന്ന ഗാര്‍ഡനിലെ സെന്‍ട്രല്‍ റെസ്റ്റോറന്റും അദ്ദേഹം സന്ദര്‍ശിച്ചു.
ഹാംഗിംഗ് ഗാര്‍ഡന്‍സ് എന്ന പുതിയ വിനോദസഞ്ചാര കേന്ദ്രത്തിലെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനായി 760 മീറ്റര്‍ നടപ്പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ പാര്‍ക്കിങ് സ്ഥലങ്ങള്‍, വികലാംഗ പാര്‍ക്കിംഗ്, ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍, വിശ്രമമുറികള്‍, പ്രാര്‍ത്ഥനാ മുറികള്‍, ലഘുഭക്ഷണത്തിനുള്ള കഫറ്റീരിയ എന്നിവയുമുണ്ട്. എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പുതിയ വിനോദ കേന്ദ്രത്തിന്റെ നിർമാണം. മാത്രമല്ല ഒരു ലക്ഷം മരങ്ങളുള്ള ഈ പ്രദേശം ഹരിത ഇടങ്ങളും വെള്ളച്ചാട്ടങ്ങളും കൊണ്ട് അതീവ മനോഹരമായാണ് ഉദ്യാനം സജ്ജീകരിച്ചിരിക്കുന്നത്.