ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി

Share

ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ – ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം. നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത് ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പ്രത്യേകിച്ച് വടക്ക് – തെക്ക് അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും സന്ദർശകരായി എത്തിയവരും ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം.
അതേസമയം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യന്‍ എംബസി ഇസ്രയേൽ എംബസി അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും ഇമെയിൽ വിലാസവും എംബസി പങ്കുവച്ചിട്ടുണ്ട്. +972-35226748 എന്ന നമ്പരിലും consl.telaviv@mea.gov.in എന്നീ വിലാസങ്ങളിലും ബന്ധപ്പെടാം. കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലം വാടി സ്വദേശിയായ നിബിൻ മാക്‌സ്‌വെൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഗലീലി ഫിംഗറിൽ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചത്. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.