വിദ്യാഭ്യാസ ബന്ദിനെ തുടർന്ന് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും സംരക്ഷണം ഉറപ്പാക്കും

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സര്‍വകലാശാല തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായും കെ.എസ്.യു അറിയിച്ചു.
അതേസമയം പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും, കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ ബന്ദ് നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പൊലിസ് സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ പൊതു വിദ്യാഭ്യാസവും, തൊഴിലും എല്ലാ ക്രമീകരണങ്ങളും നടത്തിയതായി അറിയിച്ചു.
മാത്രമല്ല കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾ തടഞ്ഞാലോ, കേടുപാടുകൾ സംഭവിച്ചാലോ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിൽ എത്തിക്കാനുള്ള വാഹനസൗകര്യവും ഒരുക്കുന്നതാണ്. അതിനായി പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് മന്ത്രി അഭ്യർത്ഥിച്ചു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടാവരുത്. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.