രാജീവ് ഗാന്ധി വധകേസിലെ പ്രതിയായ ശാന്തൻ അന്തരിച്ചു

Share

രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.
രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽക്കിടന്ന ആറുപേരെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതിൽ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരൻമാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളിൽ വിദേശ കുറ്റവാളികൾക്കായുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. പാസ്പോർട്ടും യാത്രാരേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് ജയിലിനുസമാനമായ ക്യാമ്പിൽ കഴിയേണ്ടിവന്നത്.