അമിത രക്തസ്രാവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവിന്‍റെ ആദ്യ ഭാര്യയെ പ്രതി ചേർത്തു

Share

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തിൽ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്‍റെ ആദ്യ ഭാര്യയെയും പ്രതി ചേർത്തു. റജീന എന്ന യുവതിയെയാണ് പ്രതി ചേർത്തത്. ഭർത്താവ് നയാസിന്‍റെ ആദ്യ ഭാര്യയായ ഇവർ ഒളിവിലാണ്. വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. നയാസിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ അക്യുപംക്ചർ ചികിത്സകൻ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീൻ ഇന്നലെ അറസ്റ്റിലായിരുന്നു. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഷിഹാബുദ്ദീൻ തടഞ്ഞുവെന്നാണ് നായസിന്‍റെ മൊഴി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് പാലക്കാട് സ്വദേശിയായ ഷമീറ ബീവി മരണപ്പെട്ടത്. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയും പിന്നീട് നാട്ടുകാർ അറിയിച്ചത് പ്രകാരം ആരോഗ്യ പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഇടപ്പെട്ടെങ്കിലും പോകാൻ തയാറായില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി ബോധം നഷ്ടപ്പെട്ടിരുന്നു. നാട്ടുകാർ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ എത്തും മുൻപേ മരിച്ചിരുന്നു.